ചരിത്രം 1
കോഴിക്കോട് ജില്ലയുടെ വടക്കേ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഒരു പഞ്ചായത്താണ് എടച്ചേരി. 104 അംഗങ്ങളുള്ള പഴയ കുറുമ്പ്രനാട് താലൂക്കിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. പഴയ കാലത്ത് നാട്ട് പ്രമാണിമാരും അധികാരികളുമാണ് ഭരണം നടത്തിയിരുന്നത്. ചെറിയ ചെറിയ കേസുകള്‍ വിചാരണ ചെയ്യാനും ശിക്ഷ വിധിക്കാനുമുള്ള അധികാരം അന്നത്തെ അധികാരിയില്‍ നിക്ഷിപ്തമായിരുന്നു. അതുകൊണ്ടാണ് അധികാരിയെ അക്കാലത്തെ ജനങ്ങള്‍ വില്ലേജ് മുന്‍സീഫ് എന്ന് വിളിച്ചിരുന്നത്. കുടിയാന്മാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ തന്ന സകലമാന നിയന്ത്രണങ്ങളും ജന്മിയില്‍ നിക്ഷിപ്തമായിരുന്നു. 12 വര്‍ഷത്തേക്ക് ജന്മിമാര്‍ ചാര്‍ത്തിക്കൊടുത്ത ഭൂമിയില്‍ നിന്നും പ്രതിവര്‍ഷം പണമായും മറ്റ് സാധനങ്ങളായും ജന്മിക്ക് പുറപ്പാട് കൊടുക്കാനും അന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടാല്‍ കുടിയൊഴിപ്പിക്കലായിരുന്നു അനന്തരഫലം. ജന്മിമാരുടെയും നാടുവാഴിയുടെയും പ്രധാനയാത്ര മഞ്ചലില്‍ ആയിരുന്നു. ഏതാനും ആളുകള്‍ ചുമന്ന് കൊണ്ടുപോകുന്ന തുണിമഞ്ചത്തിനായിരുന്നു മഞ്ചല്‍ എന്ന് പറയുന്നത്. സ്ഥലത്തെ പ്രധാന ദിവ്യന്‍ വന്നാല്‍ മാത്രമേ കല്യാണവീടുകളില്‍ ചടങ്ങുകള്‍ ആരംഭിക്കാനും ഭക്ഷണം വിളമ്പാന്‍ തുടങ്ങാനും അനുവദിച്ചിരുന്നുള്ളൂ. പ്രധാനിക്ക് എന്തെങ്കിലും കാരണവശാല്‍ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അദ്ദേഹത്തെ പ്രതിനിധീകരിച്ച് കൊടുത്തയക്കുന്ന വടി പന്തലില്‍ തൂക്കിയതിന് ശേഷമേ സദ്യ ആരംഭിക്കുകയുള്ളൂ.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ജീവിച്ചിരുന്ന ജനങ്ങളുടെ ജീവിത നിലവാരം ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. സ്ത്രീകളില്‍ പലരും കുപ്പായം ധരിക്കുകയോ മാറുമറയ്ക്കുകയോ ചെയ്തിരുന്നില്ല. മുസ്ളീം സ്ത്രീകള്‍ കാച്ച് മുണ്ടും മാറ് വലിച്ച കുപ്പായവും കറുത്ത ഉറുമാലുമായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്. ചെരിപ്പിട്ട് നടക്കലും മീശ വളര്‍ത്തലുമൊക്കെ സവര്‍ണ്ണരുടെ കുത്തകയായിരുന്നു. ഭക്ഷ്യധാന്യം, മണ്ണെണ്ണ, പഞ്ചസാര, തുണി എന്നിവയ്ക്ക് കടുത്ത ക്ഷാമം അക്കാലത്ത് അനുഭവപ്പെട്ടിരുന്നു. മൃതദേഹം പൊതിയാനുള്ള തുണിപോലും കിട്ടാന്‍ അന്ന് വളരെ പാടുപെട്ടിരുന്നു. കല്യാണവീടുകളില്‍ പോലും പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയായിരന്നു ഉപയോഗിച്ചിരുന്നത്. ഒരാള്‍ക്ക് കണ്‍ട്രോള്‍ പീടികയില്‍ നിന്നും ആഴക്ക് അരിയായിരുന്നു അന്നു ലഭിച്ചിരുന്നത്. തുണിക്കും കണ്‍ട്രോള്‍ ഏര്‍പ്പെടുത്തിയിരുന്നു. മണ്ണെണ്ണയുടെ പഞ്ഞം നിമിത്തം ഈരോടന്‍ എണ്ണ ഉപയോഗിച്ച് കത്തിക്കുന്ന വിളക്കായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്. പുരുഷന്മാരില്‍ പലരും മുണ്ടും മേല്‍മുണ്ടും മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. അധികവീടുകളിലും അക്കാലത്ത് മണ്‍പാത്രമേ ഉണ്ടായിരുന്നുള്ളു. അപൂര്‍വ്വം ചില വീടുകളില്‍ ചീനഭരണിയും ഉണ്ടായിരുന്നു. കിണറ്റില്‍ നിന്നും വെള്ളം കോരാന്‍ കുത്തുപാളയായിരുന്നു ഉപയോഗിച്ചിരുന്നത്. വീടുകള്‍ അധികവും ഓലമേഞ്ഞതായിരുന്നതിനാല്‍ മിക്കവാറും വീടുകളുടെ ഉമ്മറത്ത് നെരിപ്പോട് കാണാമായിരുന്നു. ഓലമേഞ്ഞ വീട് വേഗത്തില്‍ ദ്രവിച്ചുപോകാതിരിക്കാന്‍ വേണ്ടി പുകയിടാനാണ് തീക്കളം ഉപയോഗിച്ചിരുന്നത്. സാധാരണക്കാര്‍ അവരുടെ അടിയന്തരാവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ വേണ്ടി തങ്ങളുടെ നാണ്യവിളകള്‍ പാട്ടത്തിന് കൊടുക്കുക പതിവായിരുന്നു. തേങ്ങ, കുരുമുളക്, അടയ്ക്ക എന്നിവയെല്ലാം പാട്ടം കൊടുത്തിരുന്നു. ഒരുവര്‍ഷത്തെ വിള മുന്‍കൂറായി മതിച്ചു വില്‍ക്കുന്ന സമ്പ്രദായത്തിനാണ് പാട്ടം കൊടുക്കല്‍ എന്ന് പറഞ്ഞിരുന്നത്. സാധാരണയായി തുലാം പത്തിനാണ് പാട്ടം പിരിയല്‍. പറിച്ചെണ്ണത്തിന് വില്‍ക്കല്‍ എന്ന മറ്റൊരു സമ്പ്രദായവും നിലവിലുണ്ടായിരുന്നു. വിവാഹാഘോഷങ്ങളിലും കല്യാണസമ്പ്രദായങ്ങളിലും പഴയകാലം ഇന്നത്തേതിലും വളരെ വ്യത്യസ്തമായിരുന്നു. നായര്‍ സമുദായത്തിലെ വിവാഹാചാരത്തിന് പുടമുറി എന്നാണ് പറഞ്ഞിരുന്നത്. വരന്റെ വീട്ടുകാര്‍ വിവാഹപ്പുടവയുമായി വധുവിന്റെ വീട്ടില്‍ പോകുകയും ചടങ്ങുകള്‍ക്ക് ശേഷം പിറ്റേ ദിവസം അതിരാവിലെ വധുവിനെയും കൂട്ടി തിരിച്ചുവരികയും ചെയ്തിരുന്നു. മുസ്ളീങ്ങളില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഒരാഘോഷമായിട്ടായിരുന്നു വിവാഹം നിലനിന്നിരുന്നത്. ഒന്നാം ദിവസത്തെ പുതിയാപ്പിള പോക്ക്, തുടര്‍ന്നുള്ള രണ്ടാം ദിവസത്തില്‍ പുതിയാപ്പിളയെ വിളിച്ച് സല്‍ക്കരിക്കല്‍ എന്നിവ ഒന്നാം വിളി എന്ന പേരിലും രണ്ടാം വിളി എന്നപേരിലുമാണ് അറിയപ്പെട്ടിരുന്നത്. തുടര്‍ന്ന് ആറ് മാസവും ഒരു വര്‍ഷവുമൊക്കെ കഴിഞ്ഞാണ് വധുവിനെ വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരല്‍. ഇതും ഒരു വലിയ ചടങ്ങായി പല പ്രദേശങ്ങളിലും ആചരിച്ചു വന്നു. ഈഴവരുടെ വൈവാഹിക ആഘോഷങ്ങളെല്ലാം പകല്‍ സമയത്തായിരുന്നു നടത്തിയിരുന്നത്. വിവാഹത്തിനാവശ്യമായ പണം സ്വരൂപിക്കുന്നതിന് വേണ്ടി മുസ്ളീങ്ങളില്‍ പണം ഒപ്പിക്കല്‍ എന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇവിടെയുള്ള പാര്‍പ്പിടങ്ങളില്‍ അധികവും ഓലമേഞ്ഞതായിരുന്നു. ചെറ്റപ്പുരകളായിരുന്നു കൂടുതലും. കട്ടകൊണ്ടും കല്ലുകൊണ്ടുമുള്ള പുരകളും ഉണ്ടായിരുന്നു. വീടുകള്‍ക്ക് വെളിച്ചവും വായുസഞ്ചാരവും കുറവായിരുന്നു. ജാലകങ്ങള്‍ എണ്ണത്തില്‍ വളരെ പരിമിതമായിരുന്നു. ഓടുമേഞ്ഞ വീടുകളും വളരെ കുറവായിരുന്നു. വാര്‍പ്പ് വീടുകള്‍ ഉണ്ടായിരുന്നില്ല. വലിയൊരു വിഭാഗം ജനങ്ങള്‍ അന്യരുടെ പറമ്പില്‍ പാര്‍ത്തിരുന്നു. 10 സെന്റിന്റെ അവകാശം അവര്‍ക്കില്ലായിരുന്നു. ഭൂരിഭാഗവും തൊഴിലെടുത്താണ് ജീവിച്ചുപോന്നിരുന്നത്. കാട് വെട്ടിത്തെളിയിച്ച് കൃഷി ചെയ്യല്‍, കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഇവയായിരുന്നു മുഖ്യതൊഴില്‍.തമ്പുരാക്കന്‍മാരുടെ ഭരണകാലത്ത് ജന്മിമാര്‍ പണം പൊരുപ്പിച്ച കളി എന്ന നിലയില്‍ പണം പയറ്റ് കഴിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ സൌഹാര്‍ദ്ദത്തിന്റെ പ്രധാന കണ്ണിയാണ് പണം പയറ്റ്.1939-ല്‍ പഞ്ചായത്ത് (നികുതിദായക വോട്ടവകാശത്തിലൂടെ) ഭരണസമിതിയുടെ പ്രഥമ ജനകീയ പ്രസിഡന്റായി എം. പി. കുഞ്ഞിക്കേളപ്പന്‍ നമ്പ്യാര്‍ തിരഞ്ഞെടുക്കപ്പെട്ടു. 1953-ല്‍ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ തൊടുവയില്‍ കൃഷ്ണന്‍ മാസ്റ്റര്‍ പഞ്ചായത്ത് പ്രസിഡന്റായി.ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവിടം ആദ്യം തുടങ്ങിവെച്ചത് കെ.കുഞ്ഞിരാമക്കുറുപ്പായിരുന്നു. ഏകദേശം 200 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ഉണ്ടായിരുന്ന ഒരു അങ്ങാടി (ഇന്നത്തെ പുതിയങ്ങാടി) യിലേക്ക് വടകര, മാഹി, കൊയിലാണ്ടി എന്നിവടങ്ങളില്‍ നിന്നും സാധനങ്ങള്‍ ജലമാര്‍ഗം കൊണ്ടുവന്നിരുന്നു. ആദ്യകാലത്തെ പ്രധാന കൊപ്ര വ്യാപാരകേന്ദ്രം കൂടിയായിരുന്നു പുതിയങ്ങാടി. പക്രംതളം-കൈനാട്ടി റോഡ് ആദ്യകാലത്തു തന്ന ഗതാഗതത്തിനായി ഉുപയോഗിച്ചിരുന്നു.. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. കോട്ടേമ്പ്രം ക്ഷേത്രം, വേങ്ങേരി ക്ഷേത്രം, കാക്കന്നുര്‍ ക്ഷേത്രം തുടങ്ങിയ ഹൈന്ദവദേവാലയങ്ങളും എടച്ചേരി ജുമാമസ്ജിദ്, താലായി മസ്ജിദ് തുടങ്ങിയ മുസ്ളിംപള്ളികളും ഇവിടെയുണ്ട്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുനടക്കുന്ന ഉത്സവം, നേര്‍ച്ച തുടങ്ങിയ വിവിധ ആഘോഷപരിപാടികള്‍ ഈനാടിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇ.വി.കുമാരന്‍, കെ.ബാലന്‍ മാസ്റ്റര്‍, എ.കണാരന്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. എടച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.ജി. വായനശാല, ഗ്രാമ്യകലാസാംസ്കാരിക വേദി, പൊതുജന വായനശാല, വിജയകലാവേദി, സര്‍ഗ്ഗം തുടര്‍വിദ്യാകേന്ദ്രം എന്നവയും കോട്ടേമ്പ്രത്തെ വോള്‍ഗ കലാകേന്ദ്രം, തലായിയില്‍ സ്ഥിതി ചെയ്യുന്ന ജ്ഞാനോദയ വായനശാല മുതലായവും ഈ പഞ്ചായത്തിന്റെ സാംസ്കാരിക പുരോഗതിക്ക് സഹായകമായ സംരംഭങ്ങളായിരുന്നു.